വാഷിംഗ്ടൺ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇടത് നേതാവ് അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ എക്സിലൂടെയാണ് ദിസനായകെയ്ക്ക് മോദി അഭിനന്ദനം അറിയിച്ചത്. ശ്രീലങ്ക ഇന്ത്യയുടെ വിദേശ നയത്തിൽ സുപ്രധാന സ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടു പോകാൻ ദിസനായകയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മോദി മോദി പറഞ്ഞു.
പ്രസിന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അനുര കുമാര ദിസനായകെയ്ക്ക് നേരിട്ടെത്തി ആദ്യം അഭിനന്ദനം അറിയിച്ചതും ഇന്ത്യയായിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ജായാണ് അഭിനന്ദനം അറിയിച്ചത്. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യൻ സർക്കാരിന്‍റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണർ സന്തോഷ് ജാ വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്‍റാകും അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.