ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. വാരാണസിയിൽ മത്സരിക്കുന്ന മോദി നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് സ്വന്തം ആസ്തി വെളിപ്പെടുത്തുന്നത്. ആകെയുള്ള ആസ്തിയിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപമാണ്. സ്വന്തമായി ഭൂമിയോ വീടോ വാഹനമോ ഇല്ലെന്നും പ്രധാനമന്ത്രി സാക്ഷ്യപ്പെടുത്തി.
എസ്.ബി.ഐയില്‍ സ്ഥിരനിക്ഷേമായുള്ളത് 2.86 കോടി രൂപയാണ്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്‌സില്‍ നിക്ഷേപമായി 9.12 ലക്ഷം രൂപയുമുണ്ട്. 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളാണുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.56 ലക്ഷമായി ഉയര്‍ന്നു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. സ്വന്തമായി ലോണുകളില്ല.
അതേസമയം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്.