ദില്ലി: ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിക്ക് വേണ്ടി പ്രാർത്ഥന പങ്കുവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഹെലികോപ്ടർ അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇറാൻ പ്രസിഡന്‍റ് അടക്കമുള്ളവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് മോദി പ്രതികരിച്ചത്. പ്രസിഡൻറ് റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ അഗാധമായ ആശങ്കയുണ്ടെന്നും ഈ വേളയിൽ ഇറാനിയൻ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും എല്ലാവിധ ഐക്യദാർഢ്യം അറിയിക്കുന്നതായും മോദി കുറിച്ചു. അദ്ദേഹത്തിനായി എല്ലാ വിധ പ്രാർത്ഥനകൾ അർപ്പിക്കുന്നതായും മോദി വ്യക്തമാക്കി.
അതേസമയം ഹെലികോപ്ടർ അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്‍റ് അടക്കമുള്ളവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നത് ഏവരെയും ആശങ്കപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. ഇറാൻ പരമോന്നത നേതാവ് അലി ഖമനെയിയുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേർന്നത്. പ്രസിഡന്‍റിന്‍റെ ജീവൻ അപകടത്തിലായിട്ടില്ലെന്ന വിശ്വാസമാണ് ഏവരും പങ്കുവയ്ക്കുന്നത്. ഇറാൻ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊഖ്ബർ അപകട സ്ഥലത്തേക്ക് തിരിച്ചതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. രക്ഷാദൗത്യത്തിനു 40 സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും മോശം കാലാവസ്ഥ വെല്ലുവിളിയാണെന്നും റിപ്പോർട്ടുകളുണ്ട്