ദില്ലി: ഇറാന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച മസൂദ് പെസസ്‌കിയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്നാണ് ആശംസ സന്ദേശത്തിൽ മോദി പറഞ്ഞത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
അതേസമയം റിഫോമിസ്റ്റ് സ്ഥാനാര്‍ഥിയായ മസൂദ് പെസസ്‌കിയാന്‍, കടുത്ത യാഥാസ്ഥിതിക പക്ഷ എതിരാളിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 28ന് നടന്ന വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും ജയിക്കാവാവശ്യമായ 50 % വോട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കഴിഞ്ഞ മാസം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത്. എണ്ണിയ 30 ദശലക്ഷത്തിലധികം വോട്ടുകളില്‍ 53.3% നേടിയാണ് പെസെസ്‌കിയാൻ ഇറാന്‍റെ പുതിയ പ്രസിഡന്‍റാകുന്നത്. ജലീലിക്ക് 44.3% വോട്ടാണ് ലഭിച്ചത്.