ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി. കുവൈറ്റ് അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടക്കം. കുവൈറ്റിലുള്ള ഇന്ത്യന്‍ ലേബര്‍ ക്യാമ്പ് അദ്ദേഹം സന്ദര്‍ശിക്കും.
43 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്. കുവൈറ്റിലെ ഉന്നത നേതൃത്വത്തിലെ അംഗങ്ങളും ഇന്ത്യന്‍ സമൂഹവും അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ക്ഷണപ്രകാരമാണ് മോദി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. പ്രതിരോധവും വ്യാപാരവും ഉള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ കരാറുകള്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി മോദി ‘ഹലാ മോദി’ പരിപാടിയില്‍ അയ്യായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ഫുട്‌ബോള്‍ ടൂര്‍ണമെന്റായ അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും.