
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കളുടെ അറസ്റ്റിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനമാണ് കെജ്രിവാൾ നടത്തിയത്.
മോദി സര്‍വശക്തനായിരിക്കാം, എന്നാല്‍ ദൈവമല്ലെന്ന് കെജ്‌രിവാള്‍ തുറന്നടിച്ചു. അധികാരത്തിലുള്ള വ്യക്തി കസേരവിട്ടൊഴിയാന്‍ തയ്യാറല്ലെന്നും അതില്‍ കുടുങ്ങിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ പരോക്ഷവിമര്‍ശനമുന്നയിച്ചു.
“ഞാനും മനീഷ് സിസോദിയയും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടാവും. മോദി സര്‍വശക്തനാണെന്നും അദ്ദേഹത്തിന് ഒരുപാട് വിഭവമുണ്ടെന്നും ഞാന്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍, മോദി ദൈവമല്ല. ദൈവം ഞങ്ങള്‍ക്കൊപ്പമാണ്. ദൈവമോ മറ്റെന്തെങ്കിലുമൊരു ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതാണ് ഞങ്ങളെ സഹായിച്ചത്. സുപ്രീംകോടതിക്ക് നന്ദി പറയുന്നു,” കെജ്‌രിവാള്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനംരാജിവെച്ച കെജ്‌രിവാളിന് സഭയില്‍ പുതിയ മുഖ്യമന്ത്രി അതിഷി ഇരിക്കുന്ന ഒന്നാം നമ്പര്‍ ഇരിപ്പിടത്തില്‍നിന്ന് ഏറെ മാറി 41-ാം നമ്പര്‍ ഇരിപ്പിടമാണ് അനുവദിച്ചത്. 40-ാം നമ്പര്‍ സീറ്റിന് തൊട്ടടുത്ത് മനീഷ് സിസോദിയയാണ് ഉള്ളത്.
“മൂന്നുനാല് ദിവസം മുമ്പ് ഞാനൊരു മുതിര്‍ന്ന ബി.ജെ.പി. നേതാവിനെ കണ്ടു. എന്നെ അറസ്റ്റുചെയ്യുന്നതിലൂടെ നീങ്ങള്‍ക്കെന്ത് ഗുണമാണ് കിട്ടിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഡല്‍ഹി സര്‍ക്കാരിനെയാകെ തകിടം മറിച്ചുവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം നശിപ്പിട്ട് സന്തോഷിക്കാന്‍ കഴിയുന്ന ഏതുതരം പാര്‍ട്ടിയാണ് അതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു,” കെജ്‌രിവാള്‍ പറഞ്ഞു.