ഫിലാഡൽഫിയ, പെൻസിൽവാനിയ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് നേരത്തെ അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയാണ്. തുടർന്ന് ഇന്ന് നടക്കുന്ന തന്ത്രപ്രധാനമായ ക്വാഡ് ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കും. സന്ദർശനത്തിൻ്റെ മൂന്നാം ദിവസം ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ നടക്കുന്ന ‘ഭാവിയുടെ ഉച്ചകോടി’യിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളോടെയാണ് ആരംഭിച്ചത്. കൂടിക്കാഴ്ചയിൽ മോദിയും ജോ ബൈഡനും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താൻ ഫിലാഡൽഫിയയിൽ എത്തിയെന്നും യുഎസ് പ്രസിഡന്റുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദിവസം മുഴുവൻ നടക്കുന്ന ചർച്ചകൾ നമ്മുടെ ഭൂമിയെ മികച്ചതാക്കുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞിരുന്നു.
യുഎസിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ സമൂഹത്തിലെ ജനങ്ങൾ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിൻ്റെ ചിത്രങ്ങളും പ്രധാനമന്ത്രി മോദി പങ്കുവെച്ചു. ഇന്ത്യൻ പ്രവാസികളെ പ്രകീർത്തിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്, “വിവിധ മേഖലകളിൽ നല്ല സ്വാധീനം ചെലുത്തിക്കൊണ്ട് ഇന്ത്യൻ സമൂഹം യുഎസ്എയിൽ സ്വയം വേറിട്ടുനിൽക്കുന്നു.” ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ‘മോദി ആൻഡ് യു എസ്’ പരിപാടിയിൽ അവരുമായി സംവദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.