ലാവോസ്: ഇന്ത്യ ആസിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ലാവോസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല വരവേൽപ്പ്. ലാവോസിലെ ആഭ്യന്തര മന്ത്രി വിലയ്‌വോംഗ് ബുദ്ധഖാമാണ് മോദിയെ സ്വീകരിച്ചത്. ലാവോസിന്‍റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് മോദി, സന്തോഷം പ്രകടിപ്പിച്ചു. ലാവോസിൽ ‘രാമായണം’ അവതരണത്തിൻ്റെ ആവിഷ്‌കാരമായ ‘ഫ്രലക് ഫ്രലം’ വീക്ഷിച്ച മോദി, ജനങ്ങളുമായി സംവദിച്ചു.
ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷ ചർച്ചയാകുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയിൽ നരേന്ദ്ര മോദി പറഞ്ഞു. കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചയും നടക്കും. ലാവോസിൽ നടക്കുന്ന കിഴക്കനേഷ്യൻ ഉച്ചകോടിയിലും മോദി പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാലദ്വീപ് പ്രസിഡന്‍റ് മൊഹമ്മദ് മുയിസുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുന്നത്.