നരേന്ദ്ര മോദി യുഎസിലേക്ക് പുറപ്പെട്ടു, 21ന് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും 23ന് യുഎൻ ഉച്ചകോടിയിലും

ന്യൂദൽഹി: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അമേരിക്കയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും, യുഎൻ ജനറൽ അസംബ്ലിയിലെ ” Summit of the Future’ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയും അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും.
“ആറാമത്തെ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനും യുഎൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പറന്നതായി എക്‌സ്-ലെ ഒരു പോസ്റ്റിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിൽ ആതിഥേയത്വം വഹിക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ സെപ്തംബർ 21 ന് പ്രധാനമന്ത്രി മോദി പങ്കെടുക്കും.

ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നീ നാല് രാജ്യങ്ങളുടെ തന്ത്രപരമായ കൂട്ടുകെട്ടാണ് ക്വാഡ് . 2025ൽ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

സെപ്റ്റംബർ 22ന് ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. AI, ക്വാണ്ടം കംപ്യൂട്ടിംഗ്, സെമികണ്ടക്ടേഴ്സ്, ബയോടെക്‌നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കാൻ യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 23നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുൻ ഉച്ചകോടി.

PM Modi Leaves For US