മോദിക്ക് രണ്ടാം മണ്ഡലവും ചർച്ചയിൽ, ദക്ഷിണേന്ത്യയിലും മത്സരിക്കുമെന്ന് സൂചന; 100 മണ്ഡലങ്ങളിൽ ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം

ദില്ലി: ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് മണ്ഡലത്തിൽ മത്സരിക്കണമെന്നും ബി ജെ പിയിൽ ആലോചന സജീവം. മോദി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചാൽ അത് പാർട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയിൽ ഇപ്പോൾ ഉയരുന്ന ചർച്ച. ദക്ഷിണേന്ത്യയിൽ ബി ജെ പി നേരിടുന്ന വെല്ലുവിളി മോദിയുടെ സാന്നിധ്യത്തിലൂടെ പരിഹരിക്കാം എന്നും ബി ജെ പി നേതൃത്വം കണക്ക് കൂട്ടുന്നു. ഏറ്റവും പുതിയ വിവരപ്രകാരം വരാണസിക്ക് പുറമെ ദക്ഷിണേന്ത്യയിൽ മോദി മത്സരിക്കുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിലാണ് ബി ജെ പി പ്രധാനമായും കണ്ണുവയ്ക്കുന്നത്.

അങ്ങനെയെങ്കിൽ തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡലത്തിലാകും മോദി ദക്ഷിണേന്ത്യയിൽ പോരാട്ടത്തിനിറങ്ങുക. രാമേശ്വരം ക്ഷേത്രമടങ്ങുന്ന രാമനാഥപുരം മണ്ഡലത്തിൽ അയോധ്യ ക്ഷേത്ര ഉദ്ഘാടനത്തിന് മുൻപ് മോദി സന്ദർശനം നടത്തിയിരുന്നു. നേരത്തെ തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിലും മോദിയുടെ പേര് ഉയർന്നുകേട്ടിരുന്നു. എന്നാൽ കേരളത്തിൽ മത്സരത്തിന് മോദി ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. നേരത്തെ 2014 ൽ വഡോദരയിലും വാരാണസിയിലും മോദി മത്സരിച്ച് ജയിച്ചിരുന്നു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ 100 സ്ഥാനാർത്ഥികളടങ്ങുന്ന ആദ്യഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മീറ്റിങ് പുലർച്ചെ 3,30 വരെ നീണ്ടു. ആദ്യ ലിസ്റ്റിൽ നരേന്ദ്ര മോദ , അമിത്ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് ഉണ്ടായിരിക്കുക എന്നാണ് വ്യക്തമാകുന്നത്. കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലെ പട്ടികയും ഇന്നു വന്നേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ പേരുകൾ ആദ്യപട്ടികയിൽ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള ചില പേരുകളും ആദ്യപട്ടികയിൽ ഇടം പിടിക്കും എന്നാണ് ബി ജെ പി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സിനിമാ മേഖലയിൽ നിന്നും അക്ഷയ് കുമാർ, കങ്കണ റണൗട്ട്, എന്നിവരും ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡൽഹിയിൽ ഡോക്ടർ ഹർഷവർധൻ, മീനാക്ഷി ലേഖി എന്നി മുതിർന്ന നേതാക്കളെ തഴഞ്ഞ് സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് അടക്കമുള്ള പുതുമുഖങ്ങളെ ഇത്തവണ രംഗത്ത് ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

PM Modi may contest LS polls from Ramanathapuram BJP Lok Sabha Candidates First List Today

More Stories from this section

family-dental
witywide