അബുദാബി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; അഞ്ച് കരാറുകൾ ഒപ്പുവെച്ചു

ഡൽഹി: ഇന്ത്യ സന്ദർശനത്തിന് എത്തിയ അബുദാബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഇന്ത്യ-യു.എ.ഇ ബഹുമുഖ ബന്ധത്തെക്കുറിച്ചും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. അഞ്ച് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പിന്നീട് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കമ്പനിയും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ബറക ന്യൂക്ലിയർ പവർ പ്ലാൻ്റ് ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ് മേഖലയിലെ ധാരണാപത്രമാണ് ഇതിൽ ഒന്ന്. അബുദാബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിൽ ദീർഘകാല എൽഎൻജി വിതരണത്തിനുള്ള കരാറും ഒപ്പുവച്ചു.

ഇന്ത്യയിലെ ഫുഡ് പാർക്കുകളുടെ വികസനം സംബന്ധിച്ച് ഗുജറാത്ത് സർക്കാരും അബുദാബി ഡെവലപ്‌മെൻ്റൽ ഹോൾഡിംഗ് കമ്പനി പിജെഎസ്‌സിയും (എഡിക്യു) തമ്മിലും ഒരു ധാരണാപത്രം ഒപ്പുവച്ചു. അഡ്നോക്കും ഇന്ത്യ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കൂടിക്കാഴ്ചക്ക് ശേഷം കിരീടാവകാശി രാജ്ഘട്ട് സന്ദർശിച്ച് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

ഇന്നലെയാണ് ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി ശെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ന്യൂഡൽഹിയിലെത്തിയത്. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിൽ പങ്കെടുക്കാൻ അദ്ദേഹം നാളെ മുംബൈയിലേക്ക് പോകും.

More Stories from this section

family-dental
witywide