കീവ്: റഷ്യയുമായുള്ള യുദ്ധകാലത്തിനിടെ യുക്രൈനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട് പ്രസിഡൻറ് സെലൻസ്കി. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഉച്ചയോടെ യുക്രൈനിലെത്തിയ മോദി, സെലൻസ്കിക്കൊപ്പം ഏറെനേരം ചിലവഴിച്ചു. അതിനിടയിലാണ് സെലൻസ്കി – മോദി ആലിംഗനം നടന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ വൈറലായിട്ടുണ്ട്.
അതേസമയം മോദിയും സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. 3 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യ – യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്.
ഒരു ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി രാത്രിയോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കിയാണ് മോദി ട്രെയിൻ മാർഗ്ഗം യുക്രൈനിലെത്തിയത്. നയതന്ത്ര ബന്ധം ആരംഭിച്ച് 30 -ാം വർഷത്തിലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിലെത്തിയത്. റഷ്യ – യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയുണ്ട്. റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ – റഷ്യ ബന്ധം യുക്രൈനിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുമ്പോഴാണ് മോദിയെത്തിയതെന്നതും ശ്രദ്ധേയമാണ്.