രാജ്യ സഭയിൽ സുധാ മൂർത്തിയുടെ പ്രസംഗത്തെ പ്രശംസിച്ച് മോദി; ‘സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് സംസാരിച്ചതിന് നന്ദി’

ന്യൂഡൽഹി: രാജ്യസഭാ എംപിയായ സുധാ മൂർത്തിയുടെ കന്നി പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് മൂർത്തി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചത്.

ഒരു അമ്മ മരിക്കുമ്പോൾ അത് ആശുപത്രിയെ സംബന്ധിച്ച് അത് കുറേ മരണങ്ങളിൽ ഒരു മരണമായാണ് കണക്കാക്കുന്നതെന്നും എന്നാൽ കുടുംബത്തിന് എന്നെന്നേക്കുമായി അമ്മയെ നഷ്ടപ്പെടുമെന്നും തൻ്റെ പിതാവിനെ ഉദ്ധരിച്ച് അവർ പറഞ്ഞു.

“സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചതിന് സുധാ മൂർത്തിയോട് എനിക്ക് നന്ദി പറയണം,” പ്രധാനമന്ത്രി മോദി പറഞ്ഞു.

അമ്മമാരെക്കുറിച്ചുള്ള സുധാ മൂർത്തിയുടെ വൈകാരിക പരാമർശത്തെ കുറിച്ച് സംസാരിക്കവെ, കഴിഞ്ഞ 10 വർഷമായി തൻ്റെ സർക്കാർ സ്ത്രീകളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

കഴിഞ്ഞയാഴ്ച പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ, “നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക് ഞങ്ങൾ നിർമ്മിച്ച ടോയ്‌ലറ്റുകളിൽ നിന്ന് പ്രയോജനം ലഭിച്ചു,” എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

തങ്ങൾ സ്ത്രീകൾക്ക് സാനിറ്ററി പാഡുകളും ഗർഭകാലത്ത് വാക്സിനേഷനും നൽകിയെന്നും അദ്ദേഹം പറഞ്ഞു.