ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അനുസ്മരിച്ച് രാഷ്ട്രീയ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ധനമന്ത്രി നിർമല സീതാരാമൻ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എ എ പി കൺവീനർ അരവിന്ദ് കെജ്രിവാൾ തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ അനുസ്മരണം
രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മൻമോഹൻ സിംഗിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മൻമോഹനെന്നാണ് മല്ലികാർജുൻ ഖർഗെ അനുസ്മരിച്ചത്. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ അനുസ്മരണം
തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗ്. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.
മല്ലികാർജുൻ ഖർഗെയുടെ അനുസ്മരണം
സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച നേതാവായിരുന്നു മൻമോഹനെന്നാണ് ഖർഗെ അനുസ്മരിച്ചത്. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു മൻമോഹനെന്നും കോൺഗ്രസ് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
പ്രിയങ്ക ഗാന്ധിയുടെ അനുസ്മരണം
എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് പ്രിയങ്ക ഗാന്ധി എംപി പ്രതികരിച്ചു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.
മുഖ്യമന്ത്രി പിണറായിയുടെ അനുസ്മരണം
ജനാധിപത്യത്തിൻ്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. തൻ്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തികശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ. മൻമോഹൻ സിംഗ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി. നരസിംഹറാവു ഗവണ്മൻ്റിൽ ധനമന്ത്രിയായിരുന്ന മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.