ഡൽഹി: ന്യസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലെക്സണുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി. ഫോൺ വഴിയാണ് ലെക്സണുമായി മോദി സംസാരിച്ചത്. പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങളിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയെക്കുറിച്ച് ഇരുവരും സംസാരിച്ചെന്നാണ് വിവരം.
വ്യാപാരം, മൃഗസംരക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ബഹിരാകാശം തുടങ്ങിയ മേഖലകളില്‍ സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രവാസികളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് പ്രധാനമന്ത്രി ലക്സണോട് പ്രധാനമന്ത്രി മോദി നന്ദിയും അറിയിച്ചു. ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും പ്രധാനമന്ത്രി ലക്സണ്‍, മോദിക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മോദിയുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ക്രിസ്റ്റഫർ ലെക്സൺ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ കുറിക്കുകയും ചെയ്തു. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, തെരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. ന്യൂസിലൻഡിന് ഇന്ത്യക്കാരും കിവികളും സംയുക്തമായി നൽകുന്ന മഹത്തായ സംഭാവനയെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നമ്മുടെ രാജ്യങ്ങൾക്ക് ഒരുമിച്ചു ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നും’ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ എക്‌സിൽ കുറിച്ചു.