ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായതോടെ രണ്ടാം മോദി സർക്കാരിന്‍റെ കാലാവധി പൂർത്തിയായി. ഇതിന് പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേർന്ന് രാജി സമർപ്പിക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുര്‍മുവിനെ കണ്ട് രാജിക്കത്ത് നൽകി. രാജി സ്വീകരിച്ച രാഷ്ട്രപതി, കാവൽ മന്ത്രിസഭയായി തുടരാനുള്ള നിര്‍ദ്ദേശം നൽകി. മൂന്നാം മോദി സർക്കാർ ഈ ശനിയാഴ്ച (എട്ടാം തിയതി) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് തീരുമാനം. എൻ ഡി എ മുന്നണി കേവല ഭൂരിപക്ഷം നേടിയതോടെയാണ് സത്യപ്രതിജ്ഞ ചെയ്ത് വേഗത്തിൽ തന്നെ അധികാരമേൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും. ഇവർ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ എൻ ഡി എ മുന്നണിയെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.
PM Modi submits resignation to President, likely to be sworn in for 3rd term on June 8