ദില്ലി: ഹാട്രിക്ക് വിജയം നേടി രാജ്യത്ത് വീണ്ടും അധികാരത്തിലേറുന്നത് ആഘോഷമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. മോദി 3.0 ആഘോഷമാക്കാനായി അയൽരാജ്യങ്ങളിലെ തലവന്മാരെ ഇതിനകം ക്ഷണിച്ചു തുടങ്ങി. മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്താനാണ് അയൽരാജ്യങ്ങളിലെ ഭരണാധികാരികളെ ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ഭൂട്ടാൻ രാജാവ്, നേപ്പാൾ പ്രധാനമന്ത്രി തുടങ്ങിയവർക്ക് ക്ഷണമുണ്ടെന്നാണ് സൂചന. ഇതിൽ റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ക്ഷണത്തിലും സ്ഥിരീകരണമായിട്ടുണ്ട്. ഭൂട്ടാൻ രാജാവിന്‍റെയും നേപ്പാൾ പ്രധാനമന്ത്രിയുടെ കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
മൂന്നാം മോദി സർക്കാർ ഈ ശനിയാഴ്ച (എട്ടാം തിയതി) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് തീരുമാനിച്ചുള്ളതെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എ മുന്നണി കേവല ഭൂരിപക്ഷം നേടിയതോടെയാണ് സത്യപ്രതിജ്ഞ ചെയ്ത് വേഗത്തിൽ തന്നെ അധികാരമേൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായതോടെ രണ്ടാം മോദി സർക്കാരിന്‍റെ കാലാവധി പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേർന്ന് രാജി സമർപ്പിക്കാൻ തീരുമാനിച്ചതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുര്‍മുവിനെ കണ്ട് രാജിക്കത്ത് നൽകി. രാജി സ്വീകരിച്ച രാഷ്ട്രപതി, കാവൽ മന്ത്രിസഭയായി തുടരാനുള്ള നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.