അംബാനിക്കല്യാണത്തിന് മോദിയെത്തിയേക്കും; രാഹുലും സോണിയയും എത്തിയേക്കില്ല, പ്രമുഖരുടെ നീണ്ടനിര

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം എത്തുമെന്ന് റിപ്പോർട്ട്. അതേസമയം കോൺ​ഗ്രസ് നേതാക്കളായ ഗാന്ധി കുടുംബം വിവാഹത്തിനെത്തില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കു ശേഷം ഇന്നാണ് (ജൂലൈ 12 വെള്ളിയാഴ്ച) ഇരുവരുടെയും വിവാഹം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ നടക്കുന്നത്. 5000 കോടി രൂപയാണ് വിവാഹത്തിന്റെ ചെലവ്.

മുകേഷ് അംബാനി ഡൽഹിയിൽ എത്തി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി തവണ അംബാനിയെ രാഹുൽ വിമർശിച്ചിരുന്നു. അതായിരിക്കാം വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചടങ്ങിനെത്തും.

കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, നിക്ക് ജോനാസ്, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, രാം ചരൺ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സിഇഒ ഹാങ് ജോങ് ഹീ തുടങ്ങിയ പ്രമുഖർ വിവാഹത്തിനായി മുംബൈയിലെത്തിയിട്ടുണ്ട്.

PM Modi to attend anant ambani-radhika wedding, Rahul, sonia gandhi to skip