പ്രധാനമന്ത്രി മോദി വീണ്ടും അമേരിക്കയിലേക്ക്; യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കും, ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ചയും

ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രിയായി മൂന്നാം തവണ തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുന്നു. സെപ്തംബർ മാസം 21 നോ 22 നോ ആകും മോദി അമേരിക്കയിലെത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമായും മോദി അമേരിക്കയിലെത്തുന്നത്. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കുന്ന മോദി, ലോകരാജ്യങ്ങളെ അവിടെവച്ച് അഭിസംബോധന ചെയ്യും. ഇതിനിടയിൽ തന്നെ അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഐക്യരാഷ്ട്ര സഭയുടെ എഴുപത്തിയൊൻപതാമത് പൊതു സമ്മേളനം ന്യൂയോർക്കിൽ സെപ്റ്റംബർ 24 മുതൽ 30 വരെ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായാണ് മോദി അമേരിക്കയിലെത്തുക. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം സെപ്തംബർ 22 ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പതിനയ്യായിരത്തോളം പ്രവാസികളെ പങ്കെടുത്തേക്കുമെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും മോദി യു എൻ പൊതു സമ്മേളത്തിൽ പങ്കെടുക്കുക. സെപ്തംബർ 26 നാകും ഇന്ത്യൻ പ്രധാനമന്ത്രി ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അവസരം ലഭിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അഞ്ച് ദിവസത്തോളം പ്രധാനമന്ത്രി അമേരിക്കയിലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്ഥാനാർത്ഥികളുമായി മോദി രാഷ്ട്രീയ കൂടിക്കാഴ്ച നടത്താൻ സാധ്യതയില്ല. എന്നാൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഇത് അഞ്ചാം തവണയാണ് മോദി യു എസിലെ ഇന്ത്യൻ സമൂഹത്തെ ഒരു പരിപാടിയിൽ അഭിസംബോധന ചെയ്യുന്നത്. 2014 ൽ ആദ്യമായി പ്രധാനമന്ത്രിയായ ശേഷം ന്യൂയോർക്കിലെത്തിയ മോദി മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ചിരുന്നു. ഇന്ത്യൻ – അമേരിക്കക്കാരും കോൺഗ്രസ് പ്രതിനിധികളും സെനറ്റർമാരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേരാണ് ആ പരിപാടിയിൽ പങ്കെടുത്തത്. 2015 ൽ മോദി കാലിഫോർണിയയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. 2017 ൽ വാഷിംഗ്ടൺ ഡി സിയിൽ നടന്ന ഒരു ചെറിയ പരിപാടിയിൽ കമ്മ്യൂണിറ്റി സംഘടനാ നേതാക്കളുമായി മോദി സംസാരിച്ചു. 2019 ൽ കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ്, മോദിയും അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഹൂസ്റ്റണിൽ നടന്ന ഏറ്റവും വലിയ ഇന്ത്യൻ-അമേരിക്കൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഈ പരിപാടി ഡെമോക്രാറ്റുകളുടെ വിമർശനത്തിന് ഇടയാക്കി. കഴിഞ്ഞ വർഷം യു എസ് സന്ദർശന വേളയിൽ കെന്നഡി സെന്‍ററിൽ വച്ചും മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു.