അബുദാബി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമായ ബോചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത മന്ദിറിൻ്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിൻ്റെ പ്രധാന ആകർഷണം. അബുദാബിയിൽ ഏകദേശം 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. 2019 മുതൽ കെട്ടിടത്തിൻ്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്ഷേത്രത്തിനുള്ള സ്ഥലം യുഎഇ സർക്കാരാണ് സംഭാവന ചെയ്തത്. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരിക്കും ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക.
അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂട്ടിക്കാഴ്ച നടത്തി.