മോസ്കോ: ബ്രിക്‌സ് ഉച്ചകോടിയുടെ ഒരുക്കം മോസ്ക്കോയിൽ അന്തിമഘട്ടത്തിലാണ്. ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22 ന് റഷ്യയിലേക്ക് തിരിക്കും. റഷ്യൻ പ്രസിഡന്‍റിന്‍റെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിനിടെ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇപ്പോൾ പുറത്തുവരുന്ന വാർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ്.
അതിർത്തിയിലെ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടാകും ചർച്ച. അതിർത്തിയിലെ സേനാ പിന്മാറ്റം വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2020 ലെ അതിർത്തി ഏറ്റുമുട്ടലുകൾക്ക് ശേഷം മോദിയും ഷീയും തമ്മിൽ ഔദ്യോഗികമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. ഈ മാസം 22 – 24 വരെ റഷ്യയിലെ കസാനിലാണ് ബ്രിക്സ് ഉച്ചകോടി. മോദിയും ഷീയും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പുടിന്റെ അധ്യക്ഷതയിൽ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുക. ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയായിരിക്കും ബ്രിക്സ് ഉച്ചകോടിയെന്നാണ് ഇന്ത്യയുടെ അഭിപ്രായം.