ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഭൂട്ടാൻ സന്ദർശനം മാറ്റിവച്ചു. ഭൂട്ടാനിലെ കാലാവസ്ഥ മോശമായതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ യാത്ര റദ്ദാക്കിയത്. നാളെ മുതൽ രണ്ടുദിവസത്തെ യാത്രയാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായതിന് ശേഷം പ്രധാനമന്ത്രി ഭൂട്ടാൻ സന്ദർശിക്കുമെന്നും, പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ഭൂട്ടാൻ സന്ദർശിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേ അടുത്തിടെ അറിയിച്ചിരുന്നു. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയിൽ ഭാരതവുമായി ഭൂട്ടാൻ എന്നും കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.