ധ്യാനത്തിനായി മോദി ഇന്ന് വിവേകാനന്ദപ്പാറയിലേക്ക്; തടയാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കന്യാകുമാരി: 45 മണിക്കൂർ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കന്യാകുമാരിയിലെത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശമായ ഇന്നു വൈകിട്ട് മോദി വിവേകാനന്ദ സ്മാരകത്തിൽ ധ്യാനം ആരംഭിക്കുക. ഉച്ചകഴിഞ്ഞ് 3.55ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാ‍ഡിൽ ഇറങ്ങും.

വൈകുന്നേരം കല്യാകുമാരിയിൽ എത്തുന്ന മോദി ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തും. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് പുറപ്പെടും. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് ഇന്നു വൈകിട്ടു മുതൽ മറ്റന്നാൾ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും.

ധ്യാനം പൂർത്തിയാക്കിയ ശേഷം 3.25 ന് കന്യാകുമാരിയിൽ നിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡൽഹിക്കു മടങ്ങും. നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.

മോദിയുടെ ധ്യാനം പരോക്ഷ പ്രചാരണത്തിന് തുല്യമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയെ വിലക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide