ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മുതൽ കാലാവസ്ഥാ വ്യതിയാന ലഘൂകരണവും സ്ത്രീ ശാക്തീകരണവും വരെയുള്ള നിർണായക വിഷയങ്ങളിൽ ചർച്ച നടത്തി. ആഗോളതലത്തിൽ സാങ്കേതികവിദ്യ, സുസ്ഥിരത, സാമൂഹിക ശാക്തീകരണം എന്നിവയുടെ സംയോജനത്തെക്കുറിച്ച് ഇരുവരും തങ്ങളുടെ ഉൾക്കാഴ്ചകൾ പങ്കുവച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നിർമിതമായുള്ള ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും ഡീപ്പ്‌ഫേക്ക് തടയേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷ പ്രധാനമാണ്. ഡീപ്പ്‌ഫേക്കുകൾ ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. ഇത് തടയാനായി കൃത്യമായ വാട്ടർമാർക്കുകൾ നൽകി തുടങ്ങണമെന്നും ഇന്ത്യ ഇത്തരം കാര്യങ്ങൾ തടയാനുള്ള പോരാട്ടത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിൽ ഗേറ്റ്സ് ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളെ അഭിനന്ദിച്ചു. എഐ നവീകരണത്തിൽ രാജ്യത്തിൻ്റെ പ്രധാന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നൂതന സാങ്കേതികവിദ്യകൾ അതിവേഗം സ്വീകരിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ഇന്ത്യ കാണിക്കുന്ന ആർജ്ജവത്തെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു.
ഡിജിറ്റൽ ഇന്ത്യയെ വളർത്തി എടുക്കുന്നതിൽ കഴിഞ്ഞ ഏതാനും വർഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് ഒരു ‘ഡിറ്റജൽ സർക്കാർ’ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും ബിൽഗേറ്റ്‌സ് വ്യക്തമാക്കി.