ഡൽഹി: അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മോദി പറഞ്ഞു. പാർലമെന്റെറിയനായി വ്യക്തിമുദ്ര പതിപ്പിച്ചു. യെച്ചൂരിയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആൻ്റണി ഓർമ്മിച്ചത്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സാംസ്കാരിക പ്രവർത്തകരും യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയാണ്.
ഇന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ സൌമ്യ മുഖമായിരുന്ന യെച്ചൂരിയുടെ വിയോഗം. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.