മോദി 3.0 യിലെ ആദ്യ മൻ കി ബാത്ത്! കേരളത്തിലെ കാര്‍ത്തുമ്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ മൻ കി ബാത്തിൽ കേരളത്തിലെ കാര്‍ത്തുമ്പി കുടകളെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്ന പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംരംഭകത്വത്തില്‍ അവര്‍ മികവ് തെളിയിച്ചിരിക്കുകയാണെന്ന് മോദി ചൂണ്ടികാട്ടി.

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾ വലിയ അഭിമാനമാണ് പകരുന്നതെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകൾക്ക് രാജ്യമൊട്ടാകെ ആവശ്യമേറുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. വട്ടലക്കി സഹകരണ അഗ്രികൾചറൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ സ്ത്രീകളാണ് കുട നിർമ്മിക്കുന്നത്. നാരീശക്തിയിലൂടെയാണ് സമൂഹം അഭിവൃദ്ധിപ്പെടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

2014 ലാണ് തമ്പ് വനവാസി കൂട്ടായ്മ കാർ‌ത്തുമ്പി കുടകളുടെ നിർമാണം ആരംഭിച്ചത്. ​ഗോത്ര ജനതയുടെ അതിജീവന പ്രതിസന്ധി മറിക്കടക്കുകയായിരുന്നു ലക്ഷ്യം. ഏകദേശം മൂന്നുറോളം സ്ത്രീകളാണ് കുട നിർമാണത്തിൽ പരിശീലനം നേടിയത്. ആദ്യ വർഷം 300 കുടകളാണ് നിർമ്മിച്ചിരുന്നതെങ്കിൽ ഇപ്പോൾ നിരവധി കുടകളാണ് നിർമിക്കുന്നത്. . കേരള സ്‌റ്റൈല്‍ എന്നറിയപ്പെടുന്ന ആറ് നിറങ്ങളിലുള്ള ത്രീ ഫോള്‍ഡ് കുടകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.

തെരഞ്ഞെടുപ്പിൽ ഭരണഘടനയോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ച ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് ഒരിക്കൽ കൂടി മനസിലാക്കാൻ തെരഞ്ഞെടുപ്പ് സഹായിച്ചെന്നും മോദി ചൂണ്ടികാട്ടി. രാജ്യത്തെ എല്ലാവരും അമ്മയുടെ പേരില്‍ വൃക്ഷത്തൈകള്‍ നടണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചിയര്‍ ഫോര്‍ ഇന്ത്യ’ ഹാഷ് ടാഗ് പ്രചരിപ്പിക്കണമെന്നും മോദി നിര്‍ദേശിച്ചു.

മൂന്നാം മോദി സർക്കാർ അധികാരമേറ്റ ശേഷം ഇന്ന് മുതലാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് പുനരാരംഭിച്ചത്. പരിപാടിയുടെ 111-ാം എപിസോഡാണ് ഇന്ന് നടന്നത്. 22 ഇന്ത്യന്‍ ഭാഷകള്‍ക്കും 29 ഉപഭാഷകള്‍ക്കും പുറമെ 11 വിദേശ ഭാഷകളിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്.

More Stories from this section

family-dental
witywide