പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ, ഫിലഡൽഫിയ വിമാനത്താവളത്തിൽ വരവേറ്റ് ഇന്ത്യൻ സമൂഹം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനായി യുഎസിൽ എത്തിച്ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സമയം രാവിലെ 10 മണിയോടെ (വൈകിട്ട് 7.30 IST)യാണ് ഫിലാഡൽഫിയയിൽ വിമാനമിറങ്ങിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ജന്മനാടായ ഡെലവെയറിലെ വിൽമിംഗ്ടണിലെ ഡ്യൂപോണ്ട് ഹോട്ടലിലേക്ക് ഉടൻ പുറപ്പെടും. ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രി മോദിയെ ഊഷ്മളമായ സ്വീകരണം നൽകി.

​​

അവിടെ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുറമെ പ്രധാനമന്ത്രി മോദിയുടെ റഷ്യ, യുക്രെയ്ൻ സന്ദർശനങ്ങളും സാധ്യമായ സമാധാന ശ്രമങ്ങളും ചർച്ച ചെയ്തേക്കും

ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തെക്കുറിച്ച് ഒരു സംയുക്ത പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ലക്ഷ്യമിടുന്ന ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല യാത്രചെയ്യാനിരിക്കെ. യുഎസിൽ നിന്ന് 31 പ്രെഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കാൻ പരിശ്രമിക്കുന്ന ഇന്ത്യയുടെ കോടിക്കണക്കിന് ഡോളറിൻ്റെ ഇടപാടും ചർച്ചയാകുമെന്ന് കരുതുന്നു.

ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.

അജൻഡയിൽ ചൈനയായിരിക്കും മുഖ്യ ചർച്ചാ വിഷയങ്ങളിൽ ഒന്ന് എന്ന് കരുതുന്നതായി വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. “ചൈനയുടെ സൈനിക നടപടി മൂലം പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്ന വെല്ലുവിളികളെക്കുറിച്ച് അവർ സംസാരിച്ചില്ലെങ്കിൽ അത് നിരുത്തരവാദപരമായിരിക്കും. ചൈനയുടെ അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ, തായ്‌വാൻ കടലിടുക്കിലെ സംഘർഷങ്ങൾ… തുടങ്ങിയ വിശയങ്ങളെല്ലാം ചർച്ചയിൽ ഉയർന്നു വരും എന്ന് എനിക്ക് സംശയമില്ല, ” അദ്ദേഹം പറഞ്ഞു.

സന്ദർശനത്തിൻ്റെ രണ്ടാം ദിവസം ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി സംവദിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് ബയോടെക്‌നോളജി എന്നിവയുടെ അത്യാധുനിക മേഖലകളിലെ സഹകരണം ചർച്ച ചെയ്യും.

സെപ്തംബർ 23ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്യും. ഉച്ചകോടിയുടെ പ്രമേയം ‘ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള ബഹുമുഖ പരിഹാരങ്ങൾ’ എന്നതാണ്, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.

യുഎൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി മറ്റ് ചില ലോക നേതാക്കളുമായും ഉഭയകക്ഷി ചർച്ച നടത്തിയേക്കും.

നവംബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രധാനമന്ത്രി മോദിയെ കാണുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കൂടിക്കാഴ്ച നടക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.

PM Narendra Modi Reached US To Attend Quad Summit