പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിന്‍റെ വലിയ ആദരം, ഉന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു; എല്ലാ ഇന്ത്യാക്കാർക്കും സമർപ്പിക്കുന്നുവെന്ന് മോദി

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്‍റെ വലിയ ആദരം. രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതി മോദിക്ക് സമ്മാനിച്ചുകൊണ്ടാണ് കുവൈത്ത് ആദരം പ്രകടിപ്പിച്ചത്. കുവൈത്തിന്‍റെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീറാണ് മോദിക്ക് സമ്മാനിച്ചത്. കുവൈത്തിന്‍റെ ഉന്നത ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യ – കുവൈത്ത് സൗഹൃദത്തിനും സമർപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിക്ക് ലഭിക്കുന്ന 20 -ാമത് അന്താരാഷ്ട്ര പുരസ്കാരമാണ് കുവൈത്തിന്‍റെ മുബാറക് അൽ കബീർ മെഡൽ. അമേരിക്കൻ പ്രസിഡന്‍റുമാരായിരുന്ന ബില്‍ ക്ലിന്‍റണ്‍, ജോര്‍ജ് ബുഷ് എന്നിവർക്ക് മുമ്പ് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം തുടരുകയാണ്. കുവൈത്ത് പ്രധാനമന്ത്രിയുമായടക്കം മോദി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. കുവൈത്തിലേക്ക് 2 ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചാണ് മോദിയെ കുവൈത്ത് സ്വീകരിച്ചത്. കുവൈത്ത് അമീറടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അറേബ്യന്‍ മേഖലയിലെ ഫുട്ബോള്‍ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന്‍റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായും മോദി പങ്കെടുത്തു.

ഇന്നലെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടും മോദി സംവദിച്ചിരുന്നു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈത്തിന് നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. 24 പേർ മലയാളികൾക്കടക്കമാണ് അന്ന് ജീവൻ നഷ്ടമായത്.

More Stories from this section

family-dental
witywide