
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ 11.30യോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ആദ്യം ദുരന്ത ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് നിരീക്ഷിക്കും.
ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലെത്തുമെന്നാണ് അറിയുന്നത്. ബെയിലി പാലത്തിലൂടെയായിരിക്കും അദ്ദേഹത്തിന്റെ യാത്ര.
വിവിധ രക്ഷാസേനകളെ പ്രധാനമന്ത്രി അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും സന്ദർശിക്കും. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുക. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഇന്നലെ മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചു.