ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ധാരണ. ചൊവ്വാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അന്തിമ ധാരണയായത്. പിഎംഎൽ നേതാവ് ഷഹബാസ് ഷരീഫ് ആണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിലാവൽ ഭൂട്ടോ അറിയിച്ചു.
പിപിപി കോ ചെയർമാൻ ആസിഫ് സർദാരി പാക്കിസ്ഥാന്റെ പ്രസിഡന്റായി ചുമതലയേൽക്കും. ഇന്നലെ രാത്രി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
”സഖ്യ സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ അംഗങ്ങൾ തികഞ്ഞ് കഴിഞ്ഞു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസും പാക്കിസ്ഥാന് വേണ്ടി ചേർന്ന് പ്രവർത്തിക്കും. യോജിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞുവെന്നും,” നേതാക്കൾ വ്യക്തമാക്കി.
പാക്കിസ്ഥാനിൽ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാൻ തെഹരീക് പാര്‍ട്ടി (പിടിഐ)യെ പിന്തുണയ്ക്കുന്നവര്‍ക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. പിടിഐക്ക് 92 സീറ്റു ലഭിച്ചപ്പോള്‍, പിഎംഎൽഎന്നിന് 79 ഉം പിപിപിയ്ക്ക് 54 സീറ്റും ലഭിച്ചു.