പിപി ദിവ്യ ജയിലിലേക്ക്, അറസ്റ്റ് രേഖപ്പെടുത്തി, വൈദ്യപരിശോധന കഴിഞ്ഞു; രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും, കസ്റ്റഡി അപേക്ഷയുമായി പൊലീസ്

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങിയ പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കണ്ണൂർ പൊലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ദിവ്യയുടെ വൈദ്യ പരിശോധന നടത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു വൈദ്യ പരിശോധന. ഇനി മജിസ്ട്രേറ്റിന് മുന്നിൽ ദിവ്യയെ ഹാജരാക്കും. റിമാൻഡ് ചെയ്യുകയാണെങ്കിൽ ദിവ്യയെ ഇന്ന് തന്നെ ജയിലിലാക്കും. പൊലീസ് കസ്റ്റഡി അപേക്ഷയും മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്.

അതേസമയം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലാണ് ദിവ്യ ഉച്ചയോടെ കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയതെന്ന വിമർശനം ശക്തമായിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധയാണ് കാട്ടിയത്. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ ഒരു കേന്ദ്രത്തിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യൽ തുടരുകയാണ്.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താൻ കീഴടങ്ങാൻ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

More Stories from this section

family-dental
witywide