ദില്ലി: ദില്ലി ചീഫ് സെക്രട്ടറി നരേഷ് കുമാറിനെതിരെ പൊലീസ് കേസ്. പ്ലസന്റ് വാലി ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണ് നരേഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തത്. നരേഷ് കുമാറിന്‍റെ കീഴുദ്യോഗസ്ഥന്‍ വൈ വി വി ജെ രാജശേഖറിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഉത്തരാഖണ്ഡിലെ അല്‍മോര കോടതിയാണ് ഉത്തരവിട്ടത്. പ്ലസന്റ് വാലി ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂളിലേക്ക് ഇവർ ആളുകളെ അയച്ച് ഓഫീസ് ചേമ്പര്‍ തകര്‍ത്തെന്നും ഇവർ നടത്തിയ അഴിമതിയുടെ തെളിവുകളടങ്ങിയ ഫയലുകളും രേഖകളും പെന്‍ ഡ്രൈവുകളും കൊണ്ടുപോയെന്നുമാണ് പരാതി.
ഈ പരാതിയെ തുടർന്നാണ് അല്‍മോര കോടതി ദില്ലി ചീഫ് സെക്രട്ടറിക്കും കീഴുദ്യോഗസ്ഥനുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഗോവിന്ദ്പുര്‍ റവന്യൂ പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.