നടിയുടെ പരാതി: സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത് പൊലീസ്

കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പു പ്രകാരമാണു കേസ്. സ്ത്രീയുടെ അന്തസ്സിനും സ്വകാര്യതയ്ക്കും കോട്ടം വരുത്തും വിധമുള്ള അക്രമത്തിനും ക്രിമിനൽ ബലപ്രയോഗത്തിനും എതിരെയുള്ള വകുപ്പാണിത്. തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘവുമായി ചർച്ച നടത്തി തീരുമാനിക്കും.

‘പാലേരി മാണിക്യം’ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താൽപര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി.

വെളിപ്പെടുത്തൽ വൻ പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു. നടി പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇന്നലെ വൈകീട്ടോടെയാണ് സംഭവത്തിൽ നടി പൊലീസിനു പരാതി നൽകിയത്. രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഇ-മെയിൽ മുഖേന അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണിപ്പോൾ എറണാകുളം നോർത്ത് പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ആരോപണങ്ങൾ രഞ്ജിത് നിഷേധിച്ചിരുന്നു. ഗൂഡാലോചനയാണ് ആരോപണത്തിനു പിന്നിലെന്നും താൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രഞ്ജിത് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide