കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ നിവിൻ പോളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി.
ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇതോടെയാണ് നിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചത്. മറ്റ് പ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.
അതേസമയം നിവിൻപോളിക്കെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരിയും ഇതിന് പിന്നാലെ രംഗത്തെത്തി. നിവിൻ പോളിയെ രക്ഷിച്ചത് പൊലീസിൻ്റെ ഇടപെടൽ മൂലമാണെന്നും പൊലീസുമായി നിവിൻപോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതൽ നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പൊലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിൻ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.