ശൈലജക്കും മഞ്ജുവിനുമെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി

കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനുമാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിൽ ഐ ടി ആക്ട് പ്രകാരമടക്കം കേസ് എടുക്കണമെന്ന് ഡി വൈ എഫ് ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറി പി മോഹനനടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമർശം കെ എസ് ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്നാണ് പി മോഹനൻ പറഞ്ഞത്. യു ഡി എഫിന്‍റെ സൈബർ ഗ്രൂപ്പുകളും ഇത്തരം പ്രചാരണം നടത്തിയിരുന്നുവെന്നും നേരത്തെയും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്നും പി മോഹനൻ പറഞ്ഞു. ഖേദ പ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്നും നിയമ നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശം തിരുത്തി എന്ന് പറയുന്നത് ഉരുണ്ടു കളിയാണെന്നും പി മോഹനൻ അഭിപ്രായപ്പെട്ടു.

വടകരയിലെ മോർഫിംഗ് വിവാദത്തിൽ ഇന്നലെയാണ് ആർ എം പി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. പരാമർശം വലിയ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഹരിഹരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയുമായി ബന്ധപ്പെട്ട അശ്ലീലവീഡിയോ വിവാദത്തോട് പ്രതികരിക്കവേയാണ് ശൈലജയേയും നടി മഞ്ജുവാര്യരേയും അപമാനിക്കുന്ന പരാമർശം ആർ എം പി നേതാവ് നടത്തിയത്. ശൈലജ ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെത് ആണെങ്കിൽ വിശ്വസിച്ചേനെ എന്നുമായിരുന്നു ആർ എം പി കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞത്.

More Stories from this section

family-dental
witywide