കൊച്ചി: താരസംഘടനയിലെ അംഗത്വത്തിന്റെ പേരിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘത്തിന്റെ പരിശോധന. പരാതി നല്‍കിയ നടിയെ ഇടവേള ബാബുവിന്റെ ഫ്ലാറ്റിലെത്തിച്ചാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അമ്മയില്‍ അംഗത്വം നല്‍കാനായി അപേക്ഷാ ഫോം പൂരിപ്പിക്കാനെന്ന പേരില്‍ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഉപദ്രവിച്ചുവെന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
ഇടവേള ബാബു ഫ്ലാറ്റിന്റെ താക്കോൽ നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കാനായി ഫ്ലാറ്റിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം.
അതേസമയം, പീഡന പരാതിയില്‍ ഇടവേള ബാബുവിന് കഴിഞ്ഞദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഈ നടപടിക്കെതിരേ അപ്പീൽ പോകാനുള്ള ആലോചനയിലാണ് അന്വേഷണസംഘം.