ബണ്ടി ചോർ എന്ന കുപ്രസിദ്ധ കള്ളൻ ആലപ്പുഴ പട്ടണത്തിൽ എത്തിയിട്ടുണ്ടെന്ന വാർത്ത ഇന്നലെ കാട്ടു തീ പോലെയാണ് പരന്നത്. ബണ്ടി ചോറിനെ പോലെ തന്നെ ഇരിക്കുന്ന ഒരാൾ ആലപ്പുഴയ്ക്ക് സമീപം നീർക്കുന്നത്തെ ഒരു ബാറിൽ മദ്യപിക്കാനെത്തി. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന ഒരാൾക്ക് സംശയം ഇവൻ ബണ്ടി ചോർ തന്നെയല്ലേ എന്ന്. ഒട്ടും വൈകിയില്ല, അമ്പലപ്പുഴ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു.
പൊലീസ് വന്നപ്പോഴേക്കും നിർദിഷ്ട ബണ്ടി ചോർ സ്ഥലം വിട്ടിരുന്നു. സിസിടിവി നോക്കിയപ്പോൾ, പൊലീസിനും സംശയം. പിന്നെ പൊലീസ് വെറുതെയിരുന്നില്ല. സംഭവം ഗൗരവത്തിലെടുത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ആളെ കണ്ടെത്താൻ റോന്തുചുറ്റൽ തുടങ്ങുകയും ചെയ്തു. മറ്റു ജില്ലകൾക്കും നിർദേശം കൈമാറി. രണ്ടുദിവസമായി രാപകൽ അരിച്ചുപെറുക്കിയുള്ള അന്വേഷണമായിരുന്നു. ആലപ്പുഴ, കോട്ടയം ജില്ലക്കാരോട് കരുതിയിരിക്കാൻ പൊലീസ് നിർദേശം വന്നു. കാരണം ബണ്ടിചോർ ചെറിയ മീനല്ല. 500 കേസിലെ പ്രതിയാണ്.
ഒടുവിൽ നിർദിഷ്ട ബണ്ടി ചോർ പിടിയിലായി..ചോർ അല്ല ചോറു വയ്ക്കുന്ന ആളാണ് എന്നു മാത്രം. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി.) പാചകക്കാരനാണ് ബാറിലെത്തിയതെന്നു വ്യക്തമായി. ഇദ്ദേഹത്തിനു ബണ്ടിച്ചോറുമായുള്ള രൂപസാദൃശ്യമാണ് പൊലീസിനെ വട്ടംചുറ്റിച്ചത്.
police confirmed that the man found in Alappuzha bar is not Bunty Chor but a cook at ITDP