സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ആരോപണങ്ങള്‍: നേരറിയാൻ പ്രത്യേക സംഘം, അന്വേഷണം ഇന്നു മുതൽ

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും.

പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പരാതികൾ അന്വേഷിക്കുക. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും.

ജി. സ്പര്‍ജന്‍കുമാര്‍ ഐജിപി, എസ്. അജീത ബീഗം ഡിഐജി, മെറിന്‍ ജോസഫ് എസ്.പി ക്രൈംബ്രാഞ്ച് HQ, ജി. പൂങ്കുഴലി – എഐജി, കോസ്റ്റല്‍ പൊലീസ്, ഐശ്വര്യ ഡോങ്ക്‌റെ – അസി. ഡയറക്ടര്‍ കേരള പൊലീസ് അക്കാദമി, അജിത്ത് വി – എഐജി, ലോ&ഓര്‍ഡര്‍, എസ് മധുസൂദനന്‍ – എസ്.പി ക്രൈംബ്രാഞ്ച് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.

സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധിത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കാനാണ് തീരുമാനം.

അതേസമയം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കും. രഞ്ജിത്തിനെ പരസ്യമായി സംരക്ഷിച്ചതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്. മന്ത്രിയുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയെന്നാണ് വിലയിരുത്തല്‍.

More Stories from this section

family-dental
witywide