കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ ക്രൂരത. പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ നോക്കിയത് തടയാൻ ശ്രമിച്ചതിന് കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. ക്രൂരത കാട്ടിയ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. അക്രമം നടത്തിയ സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം.
സംഭവം ഇങ്ങനെ
കണ്ണൂർ സിറ്റി ഡിഎച്ച് ക്യൂവിലെ ഡ്രൈവർ സന്തോഷ് കുമാർ കാറുമായി ടൗണിലെ എൻകെബിടി പമ്പിലെത്തി. 2,100 രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് 1900 രൂപ മാത്രം നൽകി പോകാൻ ശ്രമിച്ചു. തുടർന്ന് പമ്പിലെ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ, ബാക്കി പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്ന സന്തോഷ് ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി വാഹനം ഏറെദൂരം മുന്നോട്ടുപോവുകയും ചെയ്തു. ശേഷം വാഹനം നിർത്തിയത് ട്രാഫിക് സ്റ്റേഷന് മുന്നിലായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടി ഉണ്ടായത്.