
മലപ്പുറം: കേരള പൊലീസിന് വീണ്ടും നാണക്കേടായി കൈക്കൂലി കേസ്. ക്വാറി നടത്തിപ്പുകാരിൽ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐയ്ക്കും എസ്.ഐ.യ്ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവര്‍ക്കെതിരേയാണ് തിരൂര്‍ ഡിവൈ.എസ്.പി. കേസ് രജിസ്റ്റര്‍ ചെയ്തത്. ക്വാറിയില്‍നിന്ന് സ്‌ഫോടകവസതുക്കള്‍ പിടികൂടിയ കേസിലാണ് ഇരുവരും 18 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.
സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തിൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത്. 22 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. ഇതില്‍ പത്ത് ലക്ഷം രൂപ എസ്.ഐ.യും എട്ട് ലക്ഷം രൂപ സി.ഐ.യും വാങ്ങിയെന്നാണ് കണ്ടെത്തല്‍.
ബാക്കി നാല് ലക്ഷം രൂപ ഇടനിലക്കാരനും സ്വന്തമാക്കി. രണ്ടുപേരെയും വൈകാതെ അറസ്റ്റ് ചെയ്‌തേക്കും. അങ്കമാലിയില്‍ ഗുണ്ടകളുടെ വിരുന്നില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള പോലീസുകാര്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് കൈക്കൂലിക്കേസും സേനക്ക് നാണക്കേടായത്.
police officers booked for bribery case in Malappuram