കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം : പൊലീസ് വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കും

കട്ടപ്പനയിൽ മോഷണക്കേസ് പ്രതികൾ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കട്ടപ്പന നഗരത്തിലെ വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ(27), ഇയാളുടെ സഹായി പുത്തൻപുരയ്ക്കൽ നിധീഷ്(രാജേഷ്-31) എന്നിവർ പിടിയിലായത്. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഇവർ വിഷ്ണുവിന്റെ പിതാവ് വിജയനെ ഏഴു മാസം മുൻപും സഹോദരിയുടെ നവജാതശിശുവിനെ എട്ടു വർഷം മുൻപും കൊലപ്പെടുത്തിയെന്ന് പൊലീസ് സംശയിക്കുന്നു.

ഇരട്ടക്കൊലപാതകം നടന്നെന്ന് സംശയിക്കുന്ന ഇവർ താമസിക്കുന്ന കക്കാട്ടുകടവിലെ വാടക വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മോഷണക്കേസിൽ റിമാൻഡിലായ നിതീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

നിധീഷ് ദുർമന്ത്രവാദം നടത്തിയിരുന്നയാളാണെന്നും അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. വിഷ്‌ണുവിന്റെ അച്ഛൻ വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ നിരോധാനവുമായി ബന്ധപ്പെട്ട് ഇവരെ പരിചയമുള്ള ചിലരും സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു.

മുമ്പ് കട്ടപ്പന സാഗര ജങ്ഷനിൽ താമസിച്ചിരുന്ന ഇവർ വീട് വിറ്റശേഷം കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് താമസം മാറി. തുടരന്വേഷണത്തിനിടെ കക്കാട്ടുകടയിലെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ വിഷ്‌ണുവിന്റെ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. വിജയന്റെയും നവജാത ശിശുവിന്റെയും മരണവുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയതായാണ് വിവരം. ഇരുവർക്കും പുറത്തിറങ്ങാൻ വിഷ്‌ണുവും നിധീഷും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതായാണ് സൂചന. തുടർന്ന് പൊലീസ് സംഘം അമ്മയേയും സഹോദരിയേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചശേഷം വീടിന് കാവൽ ഏർപ്പെടുത്തി.

Police probes into twin murder case at Kattappana

More Stories from this section

family-dental
witywide