കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ട് ഉന്നത സിപിഎം നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. നാദാപുരം-പാറക്കടവ് സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിക്ക് ജില്ലയിലെ രണ്ട് ഉന്നത സി.പി.എം. നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് 11 മാസംമുമ്പാണ് ആഭ്യന്തരവകുപ്പിന് നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായി ഇവര്‍ക്കുള്ള അടുത്തബന്ധം തെളിയിക്കാന്‍ കോള്‍ ഡീറ്റേയില്‍ റെക്കോഡ് റിപ്പോര്‍ട്ടിനൊപ്പം നല്‍കി.
കോഴിക്കോട്ടെ വിവാദമായ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കേസിലുള്‍പ്പെട്ട ബേപ്പൂര്‍ സ്വദേശിയെ കേസിൽ നിന്ന് ഒഴിവാക്കാന്‍ നാദാപുരം-പാറക്കടവ് സ്വദേശിയായ ഈ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ശ്രമിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതേയാൾ, കോഴിക്കോട്ടെ ഉന്നത സിപിഎം-സിഐടിയു നേതാവിന് പുതിയവാഹനം വാങ്ങാനുള്ള ബുക്കിങ് തുകയായി ഏഴുലക്ഷംരൂപ നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
നഗരത്തിലെ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴില്‍ത്തര്‍ക്കം പരിഹരിക്കാന്‍ 15 ലക്ഷം രൂപയും മാവൂര്‍ റോഡിലെ ഹോട്ടലിലെ പാര്‍ക്കിങ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി ഏഴുലക്ഷം രൂപയും ഈ രണ്ട് നേതാക്കള്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കോഴിക്കോട് ജില്ലയിലെ ചിലനേതാക്കളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പോലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം.
ഈ നേതാക്കൾ വഴിവിട്ട് പലർക്കും സഹായം ചെയ്തിട്ടുണ്ടെന്നും അഴിമതി നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അങ്കണവാടികൾ വഴിയുള്ള പോഷകാഹാര പദ്ധതിക്കുള്ള ഭക്ഷ്യവസ്തുക്കള്‍ മാവേലിസ്റ്റോര്‍, ലാഭം മാര്‍ക്കറ്റ് എന്നിവയില്‍ നിന്നു മാത്രമേ വാങ്ങാവൂ എന്ന സര്‍ക്കാര്‍തീരുമാനം ഭേദഗതി ചെയ്ത് നീതി സ്റ്റോറുകള്‍, സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ കീഴിലുള്ള സ്റ്റോറുകള്‍, ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി സ്റ്റോറുകള്‍ തുടങ്ങിയവയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാമെന്ന് തീരുമാനിച്ചതിനു പിന്നിലും ഈ നേതാക്കളുടെ ഇടപെടലുണ്ടായെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.