
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതിനെതുടര്‍ന്നാണ് സംഘര്‍ഷം. രാഹുലിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് പൊളിച്ച് നീക്കി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള അസം സര്‍ക്കാര്‍ യാത്ര ഗുവാഹത്തി ബൈപാസ് വഴി പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
”ബജ്റംഗ്ദളിന്റെയും ജെപി നദ്ദ ജിയുടെയും റാലികള്‍ ഈ വഴിയിലൂടെയാണ് കൊണ്ടുപോയത്. എന്നാല്‍ അവര്‍ ഞങ്ങളെ മാത്രം തടയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തരാണ്, ഞങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു, പക്ഷേ നിയമം ലംഘിക്കില്ല” സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്ര സെന്‍ട്രല്‍ ഗുവാഹത്തിയിലൂടെ കടന്നുപോകാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഗതാഗത തടസ്സങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമാണ് യാത്ര വഴിതിരിച്ചുവിടാനുള്ള കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.