കേരളത്തിൽ വീണ്ടും നരബലിയോ; മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഇരട്ടക്കൊലപാതകത്തേക്കുറിച്ച് സൂചന

കട്ടപ്പന: വർക്‌ഷോപ്പിൽ മോഷണത്തിന് എത്തി പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തിൽ നിന്ന് ഇരട്ടക്കൊലപാതകത്തിന്റെ സൂചന ലഭിച്ചെന്ന് പൊലീസ്. സംഭവത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് മോഷണശ്രമത്തിനിടെ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ലഭിച്ചത്. പ്രതികൾ നവജാത ശിശു ഉൾപ്പെടെ രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായാണ് സൂചന.

വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസിന് സൂചന ലഭിച്ചു. ഇവർ താമസിക്കുന്ന വീട് പരിശോധിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. വിഷ്ണുവിന്റെ വീട്ടിലെത്തിയ പൊലീസ് അമ്മയെയും സഹോദരിയെയും പൂട്ടിയിട്ടതായും കണ്ടെത്തി. ദുർമന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്. പ്രതികളിൽ ഒരാൾ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീടും പൊലീസ് പരിശോധിക്കുന്നു. പൂജാരിയായ നിതീഷാണ് ഇരു കൊലപാതകങ്ങളും നടത്തിയതെന്നാണ് സൂചന. സംഭവത്തിന് നരബലിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹവും ശക്തമാണ്.

നേരത്തേ, നഗരത്തിൽ ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ പുലർച്ചെയാണ് ഇവർ മോഷണത്തിനെത്തിയത്. യാദൃച്ഛികമായി ഷോപ്പിലെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ട് നോക്കിയപ്പോൾ ഇവർ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. ഇവരെ ആക്രമിച്ച് മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു.

മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വീണ് കാലിന് പരുക്കേറ്റു.സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുവിന്റെ സഹായിയായി വർക്‌ഷോപ്പിന് പുറത്തുണ്ടായിരുന്ന രാജേഷ് എന്നയാൾ രക്ഷപ്പെട്ടെങ്കിലും ഇയാളെയും പിടികൂടി.

Police suspect human sacrifice in Idukki

More Stories from this section

family-dental
witywide