തലസ്ഥാനം യുദ്ധക്കളം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി, നിരവധിപേർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിട്ടു. കൊടി കെട്ടിയ വടികള്‍ പൊലീസിന് നേര്‍ക്ക് എറിഞ്ഞു. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് തെരുവുയുദ്ധമായി. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു. നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും പൊലീസുമായി വാക്കുതര്‍ക്കമുണ്ടായി. ശശി സേനയിലെ എമ്പോക്കികള്‍ തടഞ്ഞാലും സമരം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക ഓഫീസായി മാറി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും കേരളത്തിലെ ഏറ്റവും വലിയ ക്രിമിനലുകളാണ്. ഇവരെയെല്ലാം സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കുന്നത്. ഇതോടെ പ്രവർത്തകരും പ്രകോപിതരാകുകയായിരുന്നു.

കോട്ടയത്തും പത്തനംതിട്ടയിലും തൃശൂരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പൊലീസ് തടഞ്ഞതോടെ ഇവിടങ്ങളിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ബലപ്രയോഗം നടത്തി. എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

More Stories from this section

family-dental
witywide