കാസര്‍കോട്: കാസര്‍കോട് എആര്‍ ക്യാമ്പിലെ പൊലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എആര്‍ ക്യാമ്പിലെ സിപിഒ സുധീഷി(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കറന്തക്കാട് ഏറെനാളായി പൂട്ടിക്കിടക്കുന്ന പഴയ ആശുപത്രിക്കെട്ടിടത്തിന്റെ പറമ്പിലാണ് സുധീഷിന്റെ മൃതദേഹം കണ്ടത്. ആശുപത്രിക്കെട്ടിടത്തിനു മുന്നിലായി ഒരാള്‍ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹം സുധീഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. നേരത്തെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു സുധീഷ്. നടപടികള്‍ നേരിട്ടതിന്റെ ഭാഗമായാണ് എആര്‍ ക്യാമ്പിലേക്കെത്തിയത്. മരണം സംഭവിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സുധീഷ് നിലവില്‍ മെഡിക്കല്‍ അവധിയിലായിരുന്നു.