മീററ്റ്: ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ആറുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
ഇഞ്ചോളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ധന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പൊലീസ് കോണ്‍സ്റ്റബിളായ ഗോപാല്‍ യാദവിന്റെ ആറുവയസ്സുള്ള മകനാണ് കൊല്ലപ്പെട്ടത്. യുപി പോലീസ് കോണ്‍സ്റ്റബിളായ ഗോപാല്‍ യാദവ് നിലവില്‍ സഹരന്‍പൂരിലാണ്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പുനീതിനെ കാണാതായത്. പിന്നീട് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗോപാല്‍ യാദവിന് കത്ത് എത്തി. അന്വേഷണം നടത്തിയ പൊലീസ് തുടക്കത്തില്‍, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ ആരോപിച്ച പ്രദേശത്തെ തന്നെ ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പക്ഷേ, പിന്നീട് വീട്ടുകാര്‍ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയെ മനഃപൂര്‍വം കൊലപ്പെടുത്തിയതാണെന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചത്. മറ്റൊരു കുടുംബവുമായുള്ള ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നും വിവരമുണ്ട്. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.