കര്‍ഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; പൂജ ഖേദ്കറിന്റെ അമ്മ അറസ്റ്റില്‍, പിടിയിലാകുന്നത് ഒളിവിലായിരിക്കെ

പൂനെ: അനധികൃതമായി തോക്ക് കൈവശം വെച്ചതിനും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും വിവാദ ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറുടെ അമ്മ പൊലീസ് പിടിയിലായി. റായ്ഗഡ് ജില്ലയിലെ റായ്ഗഡ് കോട്ടയ്ക്കടുത്തുള്ള ലോഡ്ജില്‍ ഒളിവിലിരിക്കെയാണ് മനോരമ ഖേദ്കറെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പൂനെ ജില്ലയിലെ മുല്‍ഷി ഗ്രാമത്തില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക കര്‍ഷകര്‍ക്കെതിരെയാണ് മനോരമ തോക്ക് ചൂണ്ടിയത്. തോക്കുമായി നില്‍ക്കുന്ന മനോരമ ഖേദ്കറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

തന്റെ പേരില്‍ ആരോപിക്കപ്പെടുന്ന ഭൂമിയുടെ രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു കര്‍ഷകനുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ മനോരമ പെട്ടെന്ന് തോക്ക് മറയ്ക്കാനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ പൂനെ പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ ഭര്‍ത്താവും റിട്ടയേര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ദിലീപ് ഖേദ്കറെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതുള്‍പെടെയുള്ള അച്ചടക്കലംഘനത്തിന് നടപടി നേരിട്ട പൂജയ്ക്ക് ഇരട്ടി പ്രഹരമാണ് അമ്മയുടെ അറസ്റ്റ്.

More Stories from this section

family-dental
witywide