
കൽപ്പറ്റ: സിദ്ധാർഥന്‍റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിനിടെ ആന്‍റി റാഗിംഗ് കമ്മിറ്റിയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ. പൂക്കോട് വെറ്ററിനറി കോളേജിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നെന്നാണ് ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. 2019 ലും 2021 ലും പൂക്കോട് കോളേജിൽ ആൾക്കൂട്ട വിചാരണ നടന്നെന്നാണ് ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയത്. സീനിയർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് ജൂനിയർ വിദ്യാർഥികളെ ആൾക്കൂട്ട വിചാരണ നടത്തിയെന്നും മർദ്ദിച്ചെന്നുമാണ് വിവരം.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് മുമ്പ് നടന്ന ആൾക്കൂട്ട വിചാരണയുടെ വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടിയെടുത്തിട്ടുണ്ട്. 2019 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ നാല് പേർക്ക് ഇന്റേൺഷിപ്പ് വിലക്കേർപ്പെടുത്തി. അഞ്ച് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും കോളേജ് റദ്ദാക്കി. 2021 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച രണ്ട് പേരെ സസ്‌പെൻഡ് ചെയ്തെന്നും വ്യക്തമായിട്ടുണ്ട്.
ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ വിവരങ്ങൾ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. ഫെബ്രുവരി 18 നാണ് രണ്ടാം വർഷ വിദ്യാർത്ഥിയും നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാർത്ഥനെ (21) ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് സിദ്ധാർഥൻ അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി ആൾകൂട്ടവിചാരണയും വിവസ്ത്രനാക്കി ക്രൂരമായി മർദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മനോവിഷമത്തിൽ സിദ്ധാർഥൻ ജീവനൊടുക്കിയെന്നാണ് വ്യക്തമാകുന്നത്.
pookode veterinary college ragging sidharthan death case investigation details out