
കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് സിദ്ധാര്‍ഥൻ എന്ന വിദ്യാർഥി കൊല്ലപ്പെട്ട കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയില്‍. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയായ സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍, അൽത്താഫ് എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസില്‍ പുറത്തിറക്കിയിരുന്നു.
കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോ ജോൺസണെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ചയും നാലു എസ്എഫ്ഐ പ്രവർത്തകർ പിടിയിലായിരുന്നു. പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23), കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23), അമീൻ അക്ബർ അലി എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.
സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്‍സണ്‍. സിന്‍ജോയാണ് സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയായിരുന്നു.
കേസിൽ 5 പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. 18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.